നരഭോജി കടുവയെ വെടിവച്ച് കൊല്ലണം;പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം

(www.kl14onlinenews.com)
(25-jan-2025)

നരഭോജി കടുവയെ വെടിവച്ച് കൊല്ലണം;പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം

വയനാട്:
കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. കടുവയെ ഇതുവരെ പിടിക്കാൻ സാധിക്കാത്തതാണ് തർക്കത്തിന് കാരണം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. 

എന്തുകൊണ്ട് കടുവയെ പിടികൂടിയില്ല എന്ന് പ്രതിഷേധക്കാർ ചോദിച്ചപ്പോള്‍ കടുവ തങ്ങളുടെ മുന്നില്‍ നില്‍ക്കുകയല്ലല്ലോ എന്ന് ഒരു ഉദ്യോഗസ്ഥ ചോദിച്ചതിന് പിന്നാലെയാണ് വലിയ തര്‍ക്കം ആരംഭിച്ചത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ചോദിച്ചു.

ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പ്രതിഷേധക്കാരോട് പറഞ്ഞു. വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചതെന്നും അവർ വിശദീകരിച്ചു. എന്നാൽ കടുവ കൂട്ടിൽ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ചെയ്യാമെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ എസ്.ഒ.പി. പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട്‌ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമിതി യോഗം ചേര്‍ന്ന്‌ ശുപാര്‍ശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.ഒ.പി. പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികളെടുത്തു വരികയാണ്. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വെടിവെയ്ക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്തുയർന്നത്. മാനന്തവാടിയിലെ ഡി.എഫ്.ഒ. ഓഫീസിലേക്ക് യു.ഡി.എഫ്. പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശനിയാഴ്ച മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫ്. ഹര്‍ത്താലായിരുന്നു.

Post a Comment

Previous Post Next Post