വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ;ജഴ്സിയിൽ നിന്ന് പാക്കിസ്ഥാന്റെ പേര് വെട്ടി

(www.kl14onlinenews.com)
(21-jan-2025)

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ;ജഴ്സിയിൽ നിന്ന് പാക്കിസ്ഥാന്റെ പേര് വെട്ടി
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ ഇന്ത്യ പാക്കിസ്ഥാന്റെ പേര് വയ്ക്കില്ല. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ പേര് ജഴ്സിയിൽ ചേർക്കുന്നതാണ് പതിവ്. എന്നാൽ ഐസിസിയുടെ ഈ കീഴ് വഴക്കം ബിസിസിഐ ചാംപ്യൻസ് ട്രോഫിയിൽ പിന്തുടരില്ല എന്നാണ് സൂചന. 

ജഴ്സിയിൽ പാക്കിസ്ഥാന്റെ പേര് ചേർക്കില്ല എന്ന ബിസിസിഐ നിലപാട് ചോദ്യം ചെയ്ത് പാക്കിസ്ഥാൻ ക്രിക്കറ്ര് ബോർഡ് രംഗത്തെത്തി. ക്രിക്കറ്റ് രാഷ്ട്രീയവത്കരിക്കുകയാണ് ബിസിസിഐ ചെയ്യുന്നത് എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിമർശിച്ചു. ഇതിനെ പുറമെ, ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങുകൾക്കായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ബിസിസിഐ പാക്കിസ്ഥാനിലേക്ക് അയക്കുന്നില്ല എന്നതും പാക് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിക്കുന്നു. 

വർഷങ്ങളായി പിന്തുടർന്ന് പോകുന്ന പതിവുകൾ ബിസിസിഐ ലംഘിക്കുന്നത് ഐസിസി ചോദ്യം ചെയ്യണം എന്ന ആവശ്യം പാക് ക്രിക്കറ്റ് ബോർഡ ഉയർത്തി കഴിഞ്ഞു. 'ഇക്കാര്യത്തിൽ പാക്കിസ്ഥാനെ ഐസിസി പിന്തുണയ്ക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ബിസിസിഐയും പിസിബിയും തമ്മിലുള്ള ഭിന്നത ക്രിക്കറ്റിനെ ആഗോള രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണ് എന്നും ക്രിക്കറ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ്', പാക് ക്രിക്കറ്റ് ബോർഡ് ആരോപിച്ചു. 

ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ

പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. ഇന്ത്യ വേദിയാവുന്ന ഐസിസി ടൂർണമെന്റുകൾ കളിക്കാൻ പാക്കിസ്ഥാൻ ടീമും ഇന്ത്യയിലേക്ക് എത്തില്ല. 1996ലെ ഐസിസി ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് പാക്കിസ്ഥാൻ ഐസിസി ടൂർണമെന്റിന് വേദിയാവുന്നത്. 

ചാംപ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 23നാണ് ഇന്ത്യ-പാക്കിസ്ഥാൻ പോര്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിന് എതിരെയാണ്. മാർച്ച് രണ്ടിന് ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. 2013ൽ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ചാംപ്യൻസ് ട്രോഫി ജയിക്കുന്നത്. 

ചാംപ്യൻസ് ട്രോഫിക്ക് മുൻപ് ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയാണ് ഇന്ത്യക്ക് മുൻപിൽ ജനുവരി 22ന് ഈഡൻ ഗാർഡനിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് ട്വന്റി20കളുടെ പരമ്പരയാണ് ഇത്. ഇതിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കും. ഇത് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ മുന്നൊരുക്കമാവും.

Post a Comment

Previous Post Next Post