(www.kl14onlinenews.com)
(15-jan-2025)
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്‍റെ പരാമർശം; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഹൻ ഭാഗവതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു രാഹുൽ.
ആർഎസ്‌എസ് മേധാവി 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് പറഞ്ഞു. രാമക്ഷേത്രം നിർമ്മിച്ചപ്പോഴാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നു അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരുന്നതെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമായിരുന്നു. ഭരണഘടന സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നാണ് മോഹൻ ഭഗവത്‍ പറഞ്ഞുവയ്ക്കുന്നത്. ഭരണഘടന എന്ന കോൺഗ്രസിന്റെ ആശയവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോൾ പോരാട്ടമെന്നും രാഹുൽ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം വിളിച്ചു പറയുന്നു. ഇന്നലെ അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം അസാധുവായിരുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ ഭരണഘടന അസാധുവാണെന്നാണ് പ്രസ്താവിക്കാൻ ശ്രമിച്ചത്. ഇത് പരസ്യമായി പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ട്. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നുവെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യും. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. ഇത്തരം ആളുകൾ പറയുന്ന ഇത്തരം അസംബന്ധങ്ങൾ കേൾക്കുന്നത് നിർത്തേണ്ട സമയമായെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഇന്ന് അധികാരത്തിലിരിക്കുന്ന ആളുകൾ ത്രിവർണ്ണ പതാകയെ വന്ദിക്കുന്നില്ല, ദേശീയ പതാകയിൽ വിശ്വസിക്കുന്നില്ല, ഭരണഘടനയിൽ വിശ്വസിക്കുന്നില്ല, ഇന്ത്യയെക്കുറിച്ച് നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവർക്കുള്ളത്. ഇന്ത്യയെ ഒരൊറ്റയാൾ നയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു, ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജാതിക്കാരുടെയും ആദിവാസികളുടെയും ശബ്ദത്തെ അടിച്ചമർത്താൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ അജണ്ട. അവരെ തടയാൻ ഈ രാജ്യത്ത് മറ്റൊരു പാർട്ടിക്കും കഴിയില്ല. അവരെ തടയാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് മോഹൻ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയ്ക്കു ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിലെന്നാണ് അദ്ദേഹം പറഞ്ഞത്.
Post a Comment