(www.kl14onlinenews.com)
(31-jan-2025)
ചോറ്റാനിക്കരയിലെ മുൻ സുഹൃത്തിന്റെ മർദനം; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു,പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്
കൊച്ചി: എറണാകുളത്ത് ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ആറു ദിവസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
പോക്സോ അതിജീവിത കൂടിയായ പെൺകുട്ടിയെ ആക്രമിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് സ്വദേശി കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് 19 കാരിയെ വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്‌നയായി കിടക്കുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്. കുട്ടിയുടെ കയ്യിലെ മുറിവിൽ ഉറുമ്പരിച്ചിരുന്നു. ഈ സമയം വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ബന്ധു ഉടൻ വിവരം പൊലീസിനെ അറിയിച്ചു.
തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അനൂപിനെ പടികൂടിയത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.
സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണ വെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു
Post a Comment