കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ; തോമസ് ഐസക്

(www.kl14onlinenews.com)
(22-jan-2025)

കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ; തോമസ് ഐസക്

കോഴിക്കോട്: സ്ത്രീപുരുഷ സമത്വം സംബന്ധിച്ച് കാന്തപുരം അബൂബക്കർ പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം തോമസ് ഐസക്. ‘ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ട്- തോമസ് ഐസക് പറ‍ഞ്ഞു. കണ്ണൂരിൽ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചിരുന്നു. ഇതിനോടാണ് ഐസക്കിന്റെ പ്രതികരണം

പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധ പൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക് പറ‍ഞ്ഞു. കേന്ദ്രം തരാനുള്ളത് തന്നാൽ മരുന്നു വിതരണം ചെയ്യാനും പെൻഷൻ വർധിപ്പിക്കാനും കഴിയും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് മറ്റിടങ്ങളിൽ മാത്രമാണ് കോൺഗ്രസ് ബിജെപിയെ എതിർക്കുന്നതെന്നും ഐസക് പറഞ്ഞു.

പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ല. കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്. തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം. ബിജെപിയുടെ സിഎജിയെ അല്ല, സിഎജി രാഷ്ട്രീയം കളിക്കുകയാണ്. സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗമാണ്. മിക്ക ഭരണഘട സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചു. അതിന് കൈമണിയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും തോമസ് ഐസക് പറഞ്ഞു.

അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എം വി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി ഉണ്ടായത്.

അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിൻ്റെ പേരിലാക്കി തൻ്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർമാരും അഭിപ്രായം പറയുന്നു. ഞങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോ ? ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങൾ പറയുന്നത് മുസ്ലിംങ്ങളോടാണ്. മറ്റുള്ളവർ അതിൽ ഇടപെടേണ്ടെന്നും കാന്തപുരം പറഞ്ഞു

Post a Comment

Previous Post Next Post