ബോഡി ഷെയ്‌മിംഗ് വേണ്ട, കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം

(www.kl14onlinenews.com)
(14-jan-2025)

ബോഡി ഷെയ്‌മിംഗ് വേണ്ട, കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും, നിര്‍ദേശം ലംഘിച്ചാല്‍ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും, ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നേരത്തെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു. പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു.

2024 ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് ബോബി ചെമ്മണ്ണൂരിനെതിരായ കേസ്.

ഹർജിയിൽ വീണ്ടും നടിയെ അപമാനിച്ചതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹർജിയിലെ പരാമർശം. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

തുടർന്ന് ബോബി ചെമ്മണൂരിന് ജാമ്യം നൽകാമെന്ന് കോടതി നിലപാടെടുത്തു. ഇദ്ദേഹത്തെ പോലീസിന്റെ കസ്റ്റഡിയിൽ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി

ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോ​ഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹണി റോസിനെ മോശമാക്കാൻ ബോബി ബോധപൂർവം ശ്രമിച്ചെന്നാണ് കോടതിയിൽ സർക്കാർ വാദിച്ചത്. അദ്ദേഹം തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോ​ഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിന്റെ റിമാൻഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

Post a Comment

Previous Post Next Post