(www.kl14onlinenews.com)
(13-jan-2025)
മലപ്പുറം: പി.വി.അൻവർ എംഎൽഎ സ്ഥാനം രാജി വച്ചു. സ്പീക്കർ എ.എൻ.ഷംസീറിന് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അൻവറിന്റെ രാജി. എംഎൽഎ കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് അൻവറിന്റെ നീക്കം. സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അയോഗ്യത മറികടക്കാനാണ് രാജിവച്ചതെന്നാണ് സൂചന.
കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും അൻവർ നന്ദി പറഞ്ഞു. മമത ബാനർജിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കൊൽക്കത്തിയിലെത്തി മമതയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. വന്യ ജീവി പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ടിഎംസി നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലെ ജനങ്ങൾക്കായി പോരാടാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നും അൻവർ പറഞ്ഞു.
വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചത് പി.ശശിയുടെ നിർദേശപ്രകാരമെന്ന് അൻവർ വെളിപ്പെടുത്തി. സതീശനുണ്ടായ മാനഹാനിക്ക് മാപ്പ് ചോദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരുപാധിക പിന്തുണ നൽകും. ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാന ആണി ആകണം. ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവറിന് പാർട്ടി രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്തതായാണ് വിവരം. എംഎൽഎ സ്ഥാനം രാജിവച്ച് അൻവറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. വിജയിച്ചാൽ തൃണമൂൽ എംഎൽഎയായി നിയമസഭയിൽ തുടരാമെന്നും തോറ്റാൽ രാജ്യസഭയിലേക്കു വിടാമെന്നുമാണ് അൻവറിന് തൃണമൂൽ നൽകിയിരിക്കുന്ന ഉറപ്പെന്നാണ് റിപ്പോർട്ടുകൾ.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ പി.വി.അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
2009ൽ പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് നാലാമതെത്തി. പതിമൂന്നാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് ഇടത് സ്ഥാനാർത്ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളി രണ്ടാമത് എത്തി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്നും സിപിഎം പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി.
എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനിയിൽ ലോക് സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021 ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി വീണ്ടും എം എൽ എ ആയിരിക്കത്തന്നെ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ച് എഡിജിപി ആയ എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ഷൈഖ് ദർവേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി. ഇടതുപക്ഷവും ആർഎസ്എസുംതമ്മിലുള്ള അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപണത്തിന് ഇത് വഴിതെളിച്ചു.
2024ൽ എൽഡിഎഫിൽ നിന്ന് പുറത്ത് പോകാനായി അൻവർ തീരുമാനിക്കാനിടയായ പ്രശ്നങ്ങൾ
180 ഓളം സ്വർണ്ണക്കടത്ത് കേസുകൾ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു, അനധികൃത കയറ്റുമതിക്കാർ നിന്ന് സ്വർണ്ണം പിടിച്ചെടുക്കുന്നതിൽ പോലീസ് ശരിയായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചു.കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം പിടികൂടാതെ പൊലീസിന് വിവരം നൽകുകയും പോലീസ് ഇത് വഴിയിൽ പിടികൂടുകയും ഇതിലെ മുഴവൻ സ്വർണ്ണം കോടതിയിൽ ഹാജരാക്കാതെ സ്വന്തമാക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആരോപണം
Post a Comment