ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിന് സാധ്യത, ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം സംശയത്തിൽ

(www.kl14onlinenews.com)
(27-jan-2025)

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിന് സാധ്യത, ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം സംശയത്തിൽ

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ ഇടയില്ലെന്ന് സൂചന. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെങ്കിലും ബുമ്രക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുമ്രയുടെ കായികക്ഷമത പരിശോധിക്കാനായി ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബുമ്ര കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന

ബുമ്രയുടെ കാര്യം സംശയത്തിലായതോടെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് ബാക്ക് അപ്പായി മുഹമ്മദ് സിറാജിനെയോ ഹര്‍ഷിത് റാണയെയോ സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബുമ്രയെ ചികിത്സിക്കുന്ന ന്യൂസിലന്‍ഡിലുള്ള ഡോക്ടര്‍ റോവാന്‍ ഷൗട്ടനുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ചികിത്സക്കായി ബുമ്രയെ ന്യൂസിലന്‍ഡിലേക്ക് അയക്കാന്‍ ബിസിസിഐ ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ബുമ്ര 100 ശതമാനം കായികക്ഷമത കൈവരിച്ചാല്‍ അത് അത്ഭുതമാകുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുഹമ്മദ് സിറാജിനെയോ ഹര്‍ഷിത് റാണയെയോ ബാക്ക് അപ്പ് പേസറായി ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ഹര്‍ഷിത് റാണ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ കളിക്കുന്നതിനാല്‍ സിറാജിനെക്കാള്‍ സാധ്യത ഹര്‍ഷിതിനുണ്ടെന്നാണ് കരുതുന്നത്. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

Post a Comment

Previous Post Next Post