(www.kl14onlinenews.com)
(22-jan-2025)
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനുള്ള ഓൾ കേരള മെൻസ് അസോസിയേഷന്റെ (എകെഎംഎ) തീരുമാനത്തിനെതിരെ പൊലീസിൽ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുമെന്ന് പ്രചരിപ്പിക്കുന്ന ആഹ്ലാദ പ്രകടനം നിയമവിരുദ്ധവും സ്ത്രീവിരുദ്ധവും നിയമാവഴ്ചയെ വെല്ലുവിളിക്കുന്നതും കോടതികളിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതെയാക്കുന്നതുമായ പ്രവൃത്തിയാണെന്ന് ശ്രീജിത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക അതിക്രമങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുന്ന പുരഷന്മാരായ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ പടക്കവും പൂമാലകളുമായി പോയി അവരെ സ്വീകരിക്കുന്ന സംഘടനയാണ് എകെഎംഎ. വാർത്തകളിൽ നിറയുക എന്നതല്ലാതെ നാളിതുവരെ യാതൊരു സംഭാവനയും സമൂഹത്തിനുവേണ്ടി ഈ സംഘടന ചെയ്തിട്ടില്ല. സ്ത്രീ - പുരുഷ ഭിന്നത സൃഷ്ടിക്കുക എന്നതും കോടതികളെ പരോക്ഷമായി സ്വാധീനിക്കാൻ സാധ്യമായ കലാപങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് ഈ സംഘടനയുടെ ഉദ്ദേശ്യമെന്ന് അഭിഭാഷകൻ പരാതിയിൽ ഉന്നയിക്കുന്നു.
ഏതൊരു പൗരനും ഭരണഘടനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനും കോടതി വിധികളെ ക്രിയാത്മകമായി വിമർശിക്കാനും ആഹ്ലാദിക്കാനുമെല്ലാം അവകാശമുണ്ടെങ്കിലും ഒരു സുപ്രധാന കൊലപാതക കേസിൽ വിധി പറഞ്ഞ വിചാരണ കോടതി ജഡ്ജിയുടെ കട്ടൗട്ട് പൊതുസ്ഥലത്ത് സ്ഥാപിച്ച് സംഘം ചേർന്ന് പാലഭിഷേകം നടത്തുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്നതും അതേ പരിപാടിയിൽ മുൻ ഹൈക്കോടതി ജഡ്ജിനെതിരെ വിദ്വേഷ പ്രചരണം നടത്താൻ ആഹ്വാനം ചെയ്യുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും, സാമൂഹിക സമാധാനം ഇല്ലാതെയാക്കാനും അഖണ്ഡതയും ഐക്യവും തടസ്സപ്പെടുത്താനും സമൂഹത്തിൽ ലിംഗത്തിന്റെ പേരിൽ പ്രത്യക്ഷത്തിൽ തന്നെ ഭിന്നത സൃഷ്ടിച്ച് ആശാന്തി പടർത്താനുമാണ് എന്നത് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു
കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയ്ക്ക് പാലഭിഷേകം’; മെന്‍സ് അസോസിയേഷൻ ആഹ്ലാദം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെൻസ് അസോസിയേഷൻ. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം.
ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരൻ നായർക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
Post a Comment