വയനാട്ടിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി; കഴുത്തിൽ ആഴമേറിയ മുറിവുകൾ

(www.kl14onlinenews.com)
(27-jan-2025)

വയനാട്ടിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി; കഴുത്തിൽ ആഴമേറിയ മുറിവുകൾ

മാനന്തവാടി: വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവയെ കണ്ടെത്താനുള്ള സ്പെഷ്യൽ ഓപ്പറേഷൻ തുടരുന്നതിനിടെയാണ് ഇന്നു പുലർച്ചെ 2.30 ഓടെ പിലാക്കാവ് ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ രണ്ടു വലിയ മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ ചത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

രാത്രി 12.30 ഓടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയെ പിന്തുടർന്നു. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയെ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി. 

കടുവയെ കണ്ടെത്തി എത്രയും വേഗം വെടിവച്ചു കൊല്ലണമെന്ന മുഖ്യമന്ത്രി നിർദേശത്തെ തുടർന്ന് ഇന്ന് സ്പെഷ്യൽ ഓപ്പറേഷൻ നടന്നിരുന്നു. കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാൻഡോകൾ കൂടി ഇന്ന് ചേർന്നിരുന്നു. കടുവയെ കണ്ടാൽ വെടിവയ്ക്കാനാണ് ഷാർപ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയത്. ഇതിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. 

പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ കഴിഞ്ഞ മൂന്നു ദിവസമായി ഭീതിയിലാഴ്ത്തിയ കടുവയാണ് ചത്തത്. കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) കൊല്ലപ്പെട്ടതോടെയാണ് പ്രദേശത്ത് ഭീതിയുണ്ടായത്. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കടുവയെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. രണ്ടു മൂന്നു ദിവസമായി കടുവയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു ദൗത്യസംഘം. ഇതിനിടയിൽ ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെ കടുവ ആക്രമിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post