(www.kl14onlinenews.com)
(14-jan-2025)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ചിലപ്പോൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നേക്കുമെന്ന് സൂചന. ചാംപ്യൻസ് ട്രോഫിക്ക് മുൻപായാണ് ഇന്ത്യൻ ക്യാപ്റ്റന് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കുക. ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപായുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിലും പ്രസ് കോൺഫറൻസിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇത്.
എന്നാൽ രോഹിത് പാക്കിസ്ഥാനിലേക്ക് പോകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടും പ്രസ് കോൺഫറൻസും പാക്കിസ്ഥാനിൽ വെച്ചായിരിക്കുമോ നടത്തുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎഇയിലാണ്.
പാക്കിസ്ഥാനിൽ കളിക്കാൻ തയ്യാറല്ല എന്ന് ബിസിസിഐ നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് പാക്കിസ്ഥാനിലേക്ക് കളിക്കാൻ എത്താനാവില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചത്. ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ട് പാക്കിസ്ഥാനിൽ വെച്ചാണ് നടക്കുന്നത് എങ്കിൽ ഇതിൽ പങ്കെടുക്കാൻ രോഹിത്തിനെ ബിസിസിഐ അയക്കുമോ എന്നതും വ്യക്തമല്ല.
രോഹിത് ശർമ തന്റെ കരിയറിന്റെ ഒരു ഘട്ടത്തിലും പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 1996 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് പാക്കിസ്ഥാൻ ഒരു ഐസിസി പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ല എന്നത് പോലെ ഈ വർഷത്തെ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയിലേക്കും പാക്കിസ്ഥാൻ എത്തില്ല. ട്വന്റി20 വനിതാ ലോകകപ്പ് കളിക്കാനും പാക് ടീം ഇന്ത്യയിലേക്ക് എത്തില്ല. 2024-27 വരെ ഇങ്ങനെ തുടരും.
2013ലാണ് ഇന്ത്യ അവസാനമായി ചാംപ്യൻസ് ട്രോഫി ജയിക്കുന്നത്. ധോണിക്ക് കീഴിലായിരുന്നു ഇത്. ഇത്തവണ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലൻഡ് ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരെ. ഫെബ്രുവരി 23നാണ് പാക്കിസ്ഥാന് എതിരായ മത്സരം. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മാർച്ച് രണ്ടിന് ന്യൂസിലൻഡിന് എതിരേയും.
Post a Comment