ചിരി ഓർമകൾ ബാക്കി; സംവിധായകൻ ഷാഫി അന്തരിച്ചു

(www.kl14onlinenews.com)
(26-jan-2025)

ചിരി ഓർമകൾ ബാക്കി; സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: സിനിമ സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ജനുവരി 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാളികളെ പൊട്ടി ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. 1968 ഫെബ്രുവരിയിൽ എറണാകുളത്ത് ജനിച്ചു.  പ്രശസ്ത സംവിധായകനായ റാഫിയുടെ (റാഫി മെക്കാർട്ടിൻ)  സഹോദരനാണ്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ (1996)  എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവർക്കൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.

ജയറാം നായകനായ വൺ‌മാൻ ഷോ (2001)  എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, മേക്കപ്പ് മാൻ, 101 വെഡ്ഡിംഗ്സ്, ടൂ കണ്ട്രീസ്, ഷെർലക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. ആനന്ദം പരമാനന്ദമാണ് അവസാനചിത്രം.

ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി. കോമഡിയിൽ ഊന്നി കഥ പറയാനായിരുന്നു ഷാഫി അധികവും ശ്രമിച്ചത്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്ത് എന്ന നിലയിലും ഷാഫി ശ്രദ്ധ നേടി. ഷെർലക് ടോംസിന്റെ തിരക്കഥ ഒരുക്കിയത് ഷാഫിയായിരുന്നു.  മേക്കപ്പ് മാൻ,101 വെഡ്ഡിംഗ്,  ഷെർലക് ടോംസ് എന്നീ ചിത്രങ്ങളുടെ കഥയും ഷാഫിയുടേതായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്സ് എന്നീ സിനിമകളിലൂടെ നിർമ്മാണരംഗത്തും ഷാഫി സജീവമായി

റാഫിയുടെയും ഷാഫിയുടെയും അമ്മയും സംവിധായകൻ സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ ഒരുകാലത്ത് എല്ലാവരും ഒന്നിച്ചായിരുന്നു താമസം. അമ്മാവൻ സിദ്ദിഖ് സഹ സംവിധായകനായി സിനിമയിലെത്തിയതോടെയാണ് റാഫിക്കും ഷാഫിക്കും സിനിമാ മോഹം മനസിലുണ്ടായത്.

മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post