(www.kl14onlinenews.com)
(14-jan-2025)
ന്യൂസിലാന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ 3-0ന് തോൽവി. പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ ഏറ്റ 3-1ന്റെ തോല്‍വി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ബിസിസിഐ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന മീറ്റിങ്ങിലാണ് തിരുമാനങ്ങള്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും പ്രധാന തിരുമാനങ്ങളില്‍ ഒന്ന് പരമ്പരയില്‍ മുഴുവന്‍ സമയവും താരങ്ങളുടെ കൂടെ അവരുടെ ഭാര്യമാര്‍ക്ക് സഞ്ചരിക്കാനാവില്ലെന്നതാണ്.
കോവിഡിന് മുമ്പ് ഉണ്ടായിരുന്ന നിയമങ്ങളിലേക്ക് തിരികെ പോകാനാണ് ബിസിസിഐ തിരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം 45 ദിവസങ്ങള്‍ക്ക് മുകളില്‍ ദൈര്‍ഘ്യമുള്ള പരമ്പരകളില്‍ 14 ദിവസമാണ് താരങ്ങളുടെ കുടുംബത്തിനെ അവരുടെ കൂടെ സഞ്ചരിക്കുവാന്‍ അനുവദിക്കുക. ചെറിയ പരമ്പരകള്‍ക്ക് ഇത് 7 ദിവസമായും ചുരുക്കിയിട്ടുണ്ട്. അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരുടെ ഭാര്യമാര്‍ എല്ലാ മത്സരങ്ങളിലും താരങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
ഭാര്യമാർ വരുന്നത് പ്രകടനത്തെ ബാധിക്കുന്നു
ഇത്തരത്തില്‍ ഭാര്യമാരെ കൊണ്ട് വരുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതുകൂടാതെ കളിക്കാര്‍ എല്ലാവരും ടീം ബസ്സില്‍ തന്നെ യാത്ര ചെയ്യണമെന്നും ബിസിസിഐ അറിയിച്ചു. കുറച്ച് വര്‍ഷങ്ങളായി ചില താരങ്ങള്‍ ഒറ്റക്കാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഇത് ഇനി അനുവദിക്കില്ല. ചെറുപ്പവെലുപ്പമില്ലാതെ എല്ലാ കളിക്കാരും ഇനി മുതല്‍ ടീം ബസ്സില്‍ തന്നെ യാത്ര ചെയ്യണം.
കളിക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കൂടെ പരിശീലകന്‍ ഗംഭിറിനും ചില കാര്യങ്ങളില്‍ ബിസിസിഐ പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഗംഭീറിന്റെ മാനേജര്‍ ടീമിന്റെ കൂടെയാണ് യാത്ര ചെയ്തിരുന്നത്.. എന്നാല്‍ ഇനി മുതല്‍ ഗംഭീറിന്റെ മാനേജര്‍ക്ക് ടീം ഹോട്ടലില്‍ തങ്ങാന്‍ അനുവാദമില്ല. ഇതിന് പുറമേ വിഐപി ബോക്‌സില്‍ ഇരുന്ന് കളി കാണുവാനും ടീം ബസ്സില്‍ സഞ്ചരിക്കുവാനും ഗംഭീറിന്റെ മാനേജര്‍ക്ക് സാധിക്കില്ല. ടീമിന്നുള്ളില്‍ അച്ചടക്കം കര്‍ശനമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ബിസിസിഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.
Post a Comment