റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു;ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകി തുടങ്ങും

(www.kl14onlinenews.com)
(27-jan-2025)

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു;ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകി തുടങ്ങും

തിരുവനന്തപുരം: റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് അഞ്ച് സംഘടനകളാണ് സമരത്തിൽ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 നുള്ളിൽ തന്നെ നൽകുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിൽ ധനമന്ത്രിയുമായി സംസാരിച്ച് വ്യവസ്ഥ ഉണ്ടാക്കും. വേതന പാക്കേജ് കമ്മീഷൻ പരിഷ്കരണ ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും ചർച്ചയിലെ തീരുമാനം നടപ്പാക്കുമെന്നും ജി ആർ അനിൽ അറിയിച്ചു. ഇന്ന് വൈകീട്ട് തന്നെ കഴിയുന്നത്ര കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു

ഭക്ഷ്യവകുപ്പും വ്യാപാരികളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച നടന്നത്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചര്‍ച്ചയില്‍ സമവായം ആയില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്.

സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ - ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിര്‍ദേശവും നല്‍കി. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്.

ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

Post a Comment

Previous Post Next Post