(www.kl14onlinenews.com)
(22-jan-2025)
തിരുവനന്തപുരം :
കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേസെടുക്കണം. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല.
ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ ഇന്ന് നിയമസഭയിൽ ചട്ട പ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്.
എന്നാൽ സിഎജി റിപ്പോര്‍ട്ടിനെ തള്ളി മുന്‍മന്ത്രി തോമസ് ഐസക്. പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ഒരു അപാകതയും ഇല്ല. സി.എ.ജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് എമര്‍ജന്‍സി പര്‍ച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം, അതല്ലാതെ ബി.ജെ.പിയുടെ സി.എ.ജിയെ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സി.എ.ജി. രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിനെതിരായ കുരിശു യുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണിയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മിക്ക ഭരണഘട സ്ഥാപനങ്ങളേയും ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കോവിഡ്കാലത്ത് പി.പി.ഇ. കിറ്റുകള്‍ വാങ്ങിയെന്നായിരുന്നു സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുമുതല്‍ മേയ് വരെ വിപണിവിലയെക്കാള്‍ 300 ശതമാനം അധികനിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതുവഴി സര്‍ക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍നിന്ന് മൂന്നിരട്ടിവിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടും പുറത്തുവന്നത്.
Post a Comment