(www.kl14onlinenews.com)
(27-jan-2025)
നെന്മാറയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയുടെ വീട്ടിൽനിന്ന് കൊലയ്ക്കുപയോഗിച്ച കൊടുവാൾ കണ്ടെടുത്തു. കൂടാതെ
പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
അതേസമയം ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്‍റെ നിഗമനത്തിൽ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പോലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇയാള്‍ അറക്കമലയെന്ന പ്രദേശത്തുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. ഡോഗ് സ്ക്വാഡ് ഉൾപ്പടെ തിരച്ചിലിനുണ്ട്
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് ഇന്ന് രാവിലെ സംഭവം. സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് പ്രതിയായ ചെന്താമര. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻ്റ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പോലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
Post a Comment