(www.kl14onlinenews.com)
(01-jan-2025)
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പരിക്ക് പറ്റിയ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടർമാർ പറയുന്നു. വെന്റിലേഷന്റെ സഹായം നിലനിർത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാൻ തുടങ്ങിയതും ആശ്വാസത്തിന് വക നൽകുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ പറഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. മക്കളോടാണ് ഹാപ്പി ന്യൂ ഇയർ പറഞ്ഞത്. വാക്കുകളല്ല പതിയെ ചുണ്ടനക്കിക്കൊണ്ടാണ് ഹാപ്പി ന്യൂ ഇയർ പറഞ്ഞത്. ആരോഗ്യ നിലയിൽ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററിൽ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും ആഗ്രഹവും അതാണെന്നും ഡോക്ടർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം മെഡിക്കൽ ബോർഡ് കൂടിയിരുന്നു. രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത മെഡിക്കൽ ബോർഡ് കൂടും. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
Post a Comment