(www.kl14onlinenews.com)
(27-jan-2025)
മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം കേസുകൾ 100 കടന്നതായി റിപ്പോർട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി ചിഞ്ച്വാഡ്, പൂനെ റൂറൽ എന്നിവിടങ്ങളിലും ജിബിഎസ് സംശയിക്കുന്ന 18 കേസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 101 രോഗികളിൽ 16 പേർ വെന്റിലേറ്ററിലാണ്. രോഗബാധിതരായവരിൽ 68 പേർ പുരുഷന്മാരും 33 പേർ സ്ത്രീകളുമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിശകലനത്തിൽ വ്യക്തമായി .
81 രോഗികൾ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്നും 14 പേർ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്നും ബാക്കിയുള്ള 6 പേർ മറ്റ് ജില്ലകളിൽ നിന്നുമാണ്. പ്രധാനമായും സിൻഹഗഡ് റോഡ്, ഖഡക്വാസ്ല, ധയാരി, കിർകത്ത്-വാദി, എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലും സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, മലിനീകരണമാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കുന്നതിന് ജലപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 23 രക്ത സാമ്പിളുകളും നേരത്തെ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. രോഗബാധയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. മിക്ക കേസുകളിലും ഒരു വൈറൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഗില്ലൻ ബാരി സിൻഡ്രോം ഒരു സ്വയം പ്രതിരോധ ന്യൂറോളജിക്കൽ ഡിസോഡറാണ്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പെരിഫറൽ ഞരമ്പുകളെ ബാധിക്കുകയും പേശികളുടെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും. പിന്നാലെ അത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. ഇത് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം.
Post a Comment