(www.kl14onlinenews.com)
(26-jan-2025)
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ 10 സംഘങ്ങൾ വയനാട്ടിലേക്കെത്തും. പൊലീസ് ഷാര്‍പ്പ് ഷൂട്ടേഴ്സ് അടക്കം ഒരു സംഘത്തിൽ എട്ടു പേരായിരിക്കും ഉണ്ടായിരിക്കുക. ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അടിയന്തരാവശ്യങ്ങൾക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. ഞായറാഴ്ച ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
പഞ്ചാരക്കൊല്ലി പ്രദേശത്തെ കർഫ്യൂ ശക്തമാക്കുമെന്നും എത്രയും വേഗം കടുവയെ വെടിവച്ചു കൊല്ലുമെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ വ്യക്തമാക്കി.
അതേസമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ എത്തിയ വനം മന്ത്രി എ കെ ശശീന്ദ്രന് നേരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജനങ്ങൾ സംഘടിച്ചു പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയായി. രാധ കാട്ടിൽ വച്ചാണ് കൊല്ലപ്പെട്ടതെന്ന പ്രസ്താവനയും പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള പ്രസ്താവനയും പിൻവലിക്കാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവും നടത്തി.
കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അനുയോജ്യമായ സ്ഥലത്ത് വെച്ച് കടുവയെ വെടിവെച്ചു കൊല്ലുമെന്നും പ്രദേശത്ത് ഒന്നാം തീയതിക്കകം കൂടുതൽ ക്യാമറ സ്ഥാപിക്കും എന്നും അടിക്കാടുകൾ ഘട്ടംഘട്ടമായി വെട്ടമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment