(www.kl14onlinenews.com)
(11-Dec-2024)
പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. സംഭവം നടന്നിട്ട് 17 വർഷമായെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സും അഭിമാനവും ഉണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി ആലുവ സ്വദേശിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ രംഗത്തെത്തിയത്. ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയെന്നും, പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയിൽ ആരോപിച്ചിരുന്നു.
കേസിൽ നവംബർ 21 വരെ ബാലചന്ദ്ര മേനോന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തിന് വിശ്വസനീയ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം.
അതേസമയം, നടി ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.
Post a Comment