കണ്ണീരായി നാട്; അപകടത്തില്‍ മരിച്ച വിദ്യാർഥിനികളുടെ കബറടക്കം പൂർത്തിയായി

(www.kl14onlinenews.com)
(13-Dec-2024)

കണ്ണീരായി നാട്;
അപകടത്തില്‍ മരിച്ച വിദ്യാർഥിനികളുടെ കബറടക്കം പൂർത്തിയായി
പാലക്കാട്: കല്ലടിക്കോട് സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂൾ വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകി നാട്.നാല് വിദ്യാർഥിനികളുടേയും ഖബറടക്കം തുപ്പനാട് ജുമാമസ്ജിൽ നടത്തി. രാവിലെ മുതൽ നാടിൻറ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് നാടിൻറ പൊന്നോമനകൾക്ക് വിട നൽകാനായി എത്തിയത്. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്.

വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു.

വിശദമൊഴി ഇന്ന് എടുക്കും

അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്നെടുക്കും. ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പൊലീസിൻറെ നേതൃത്വത്തിൽ രേഖപ്പെടുത്തും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി.

ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ലോറിക്ക് എതിരെ വന്ന വാഹന ഉടമയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്

Post a Comment

Previous Post Next Post