പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകം, മന്ത്രവാദി ജിന്നുമ്മ അടക്കം നാലുപേര്‍ അറസ്റ്റിൽ

(www.kl14onlinenews.com)
(05-Dec-2024)

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകം, മന്ത്രവാദി ജിന്നുമ്മ അടക്കം നാലുപേര്‍ അറസ്റ്റിൽ
കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞാണ് അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍വെച്ച് പ്രതികള്‍ മന്ത്രാവാദം നടത്തിയതെന്ന് പൊലീസ് പറയുന്നു. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

2023 ഏപ്രില്‍ 14 നാണ് അബ്ദുള്‍ ലഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വഭാവിക മരണമായിരുന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പിന്നീടാണ് വീട്ടില്‍ നിന്നും 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. പിന്നാലെ അബ്ദുള്‍ ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മന്ത്രാവാദം നടത്തി വരുന്ന യുവതിക്കെതിരെ നാട്ടുകാരും കര്‍മ്മസമിതിയും ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തു. യുവതിയുമായി ബന്ധമുള്ള ചിലരുടെ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയതാണ് പൊലീസിന് കൂടുതല്‍ സംശയത്തിന് ഇടവരുത്തിയത്.

ആദ്യം ഇത് സ്വാഭാവിക മരണമെന്ന രീതിയിലാണ് പൊലീസും കൈകാര്യം ചെയ്തത്. മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടത് ബോധ്യപ്പെട്ട അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഇതേ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരട്ടിപ്പിക്കാനായി നല്‍കിയ സ്വര്‍ണം തിരികെ നല്‍കാതിരിക്കാനാണ് അബ്ദുല്‍ ഗഫൂറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി

സ്വർണം ഇരട്ടിക്കാൻ മന്ത്രവാദം, 596 പവൻ തിരിച്ചു നൽകണമെന്നായപ്പോൾ കൊലപ്പെടുത്തി; വ്യവസായിയുടെ കൊലപാതകത്തിൽ മൊഴി

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഒരു വർഷം മുമ്പുണ്ടായ കൊലപാതകത്തിൽ മന്ത്രവാദിനി ഉൾപ്പെടെ നാല് പേരാണ് പൊലീസിൻ്റെ പിടിയിലായത്. ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂറിനെ 2023 ഏപ്രിൽ14 നാണ് കാസർകോട് പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെഎച്ച് ഷമീന, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കൊലപാതകത്തിന് പിടിയിലായത്.

ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വച്ച് സംഘം മന്ത്രവാദം നടത്തി. ഈ സ്വർണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. 596 പവൻ സ്വർണം മന്ത്രവാദ സംഘം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. പൂച്ചക്കാട്ടെ വീട്ടിൽ വച്ച് തല ചുമരിൽ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു. നേരത്തെ സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. പിന്നീട് സ്വർണം നഷ്ടമായെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ബേക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ ആയില്ല. പൊലീസിന് മേൽ ഉന്നതങ്ങളിൽ സമ്മർദ്ദമുണ്ടായതായി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.

തട്ടിയെടുത്ത സ്വർണം അറസ്റ്റിലായ ആയിഷ മുഖേന വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post