പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുൻ അറസ്റ്റിൽ


(www.kl14onlinenews.com)
(13-Dec-2024)

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുൻ അറസ്റ്റിൽ
നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പ 2 റിലീസിന് മുന്നോടിയായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജുബിലി ഹിൽസിലെ വസതിയിൽ വെച്ചായിരുന്നു അറസ്റ്റ്. ഹൈദരബാദ് പോലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് താരത്തെ ചിക്ക്ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സംഭവത്തിൽ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറക്കാർ മാപ്പ് പറഞ്ഞിരുന്നു.

പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.

സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയെന്ന് പോലീസ്

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്

ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ

അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും.

അറസ്റ്റു ചെയ്ത അല്ലു അർജുനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കൽ പരിശോധന ഓസ്മാനിയ മെഡിക്കൽ കോളേജിലും നടക്കും. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം.

കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്

Post a Comment

Previous Post Next Post