(www.kl14onlinenews.com)
(08-October -2024)
ഹരിയാനയും ജമ്മു കാശ്മീരും ആര് ഭരിക്കും?
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പുരോഗമിക്കവേ ഹരിയാനയിൽ ബി.ജെ.പിയുടെ തിരിച്ചുവരവ്. ആദ്യ മണിക്കൂറിൽ കോൺഗ്രസാണ് വൻ മുന്നേറ്റം നടത്തിയതെങ്കിൽ ഇപ്പോൾ ബി.ജെ.പി തിരിച്ചുകയറുകയാണ്. ബി.ജെ.പി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 48 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 26 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്
ഹരിയാനയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം.
ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്.
ഹരിയാനയിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എക്സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു.
Post a Comment