(www.kl14onlinenews.com)
(24-October -2024)
ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹർജി സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങി. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പ്രകാരമാണ് കേസുകൾ എടുക്കുന്നത്.
കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കാൻ അവസരം എസ്ഐടി നൽകിയിരുന്നു. മൊഴി നൽകിയവർക്ക് കേസുമായി സഹകരിക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും.
Post a Comment