ഡൽഹി ഇനി അതിഷി നയിക്കും; മൂന്നാമത് വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

(www.kl14onlinenews.com)
(21-Sep -2024)

ഡൽഹി ഇനി അതിഷി നയിക്കും; മൂന്നാമത് വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലെന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഡൽഹിയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അതിഷി. പുതിയ അഞ്ച് മന്ത്രിമാരും അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി രാജ് നിവാസിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ലെഫ്. ഗവർണർ വി.കെ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

രാജ്യത്തെ പതിനേഴാമത് വനിതാ മുഖ്യമന്ത്രിയും, സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരാണ് മന്ത്രിസഭയിലെത്തുന്ന പുതിയ മന്ത്രിമാർ.

നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.

അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനം അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം നടത്തിയത്. സ്ഥാനം ഒഴിയുന്ന അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. എഎപി എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോർട്ടുകൾ.

പുതിയൊരാൾ മുഖ്യമന്ത്രിയായി വരുന്നതോടെ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഭരണസ്തംഭനത്തിന് അറുതി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതോടെ സംസ്ഥാനത്ത് മാസങ്ങളായി ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രധാനപ്പെട്ട ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.

Post a Comment

Previous Post Next Post