(www.kl14onlinenews.com)
(09-Sep -2024)
ഡൽഹി: ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം എംപോക്സ് വ്യാപനമുള്ള രാജ്യത്തുനിന്ന് രോഗലക്ഷണങ്ങളോടെ ഇന്ത്യയിലെത്തിയ യുവാവിനാണ് രോഗം സ്ഥരീകരിച്ചത്. വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് കണ്ടെയത്.
എംപോക്‌സുമായി ബന്ധപ്പെട്ട് 2022ൽ ലോകാരോഗ്യ സംഘടന ആദ്യമായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം, 30 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ചിലാണ് അവസാനമായി ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം അതിതീവ്രമായി വ്യാപിക്കാൻ തുടങ്ങിയതോടെ ഓഗസ്റ്റ് 14നാണ് ലോകാരോഗ്യ സംഘടന വീണ്ടും ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
അതേസമയം, ജനങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള അനാവശ്യ പരിഭ്രാന്തി തടയണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര ആവശ്യപ്പെട്ടു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യൂറോപ്പിലും അമേരിക്കയിലും രോഗവ്യാപനമുണ്ടെന്നാണ് വിവരം.
Post a Comment