(www.kl14.com)
(23-Sep -2024)
തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ചലനം സൃഷ്ടിച്ച സാഹചര്യത്തില്‍ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്‍വറിന്റെ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ഉന്നം.
ഒക്ടോബര്‍ നാലിനാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. പത്ത് ദിവസമാണ് ഇത്തവണ സഭ കൂടുക. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കൂടിക്കാഴ്ച, അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ഉള്‍പ്പെടെ സഭ പ്രക്ഷുപ്തമാകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനും അജിത് കുമാറിന്റെ കൂടിക്കാഴ്ചയ്ക്കും ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാടേ തള്ളി. അതുകൊണ്ടുതന്നെ അജിത് കുമാര്‍-ആര്‍എസ്എസ് കൂടിക്കാഴ്ച നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രധാന അജണ്ടയായേക്കും.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടും പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളിലും അജിത് കുമാര്‍ പ്രതിസ്ഥാനത്താണ്. അന്‍വറിന്റെ പരാതിയില്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കാതെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. എഡിജിപി അജിത് കുമാറിന് പുറമേ മലപ്പുറത്തെ പൊലീസിനെയാകെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവും പി വി അന്‍വര്‍ ഉന്നയിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ മറുപടിയെന്താകുമെന്നും പ്രതിപക്ഷം ആരായും. അതേസമയം, അന്‍വറിനെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കാന്‍ ഇടയില്ല. സിപിഐഎം അന്‍വറിനെതിരെ പ്രസ്താവന ഇറക്കിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചില്ല. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കാന്‍ അന്‍വറിനെ പൂര്‍ണമായി തള്ളാനും കോണ്‍ഗ്രസ് തയ്യാറായില്ല എന്നതാണ് വസ്തുത.
Post a Comment