ന്യൂഡൽഹി: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി. ഡോക്ടർമാരുടെ സമരം മൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്ന് കോടതി വ്യക്തമാക്കി. സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടി പാടില്ലെന്നും കോടതി നിർദേശിച്ചു. ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിർദേശം.
ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. സിബിഐയും കൊൽക്കത്ത പൊലീസും സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ബെഞ്ച് പരിശോധിച്ചു.
യുവഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തുന്നുണ്ട്. കറുത്ത കൊടിയേന്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തുണ്ട്.
Post a Comment