(www.kl14onlinenews.com)
(10-August -2024)
കൽപ്പറ്റ: ഒറ്റരാത്രി കൊണ്ട് ഒഴുകിപോയ നാട്ടിൽ ബാക്കിയായ ജീവിതങ്ങളെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഉരുൾ കവർന്നെടുത്ത മുണ്ടക്കൈയിലും ചൂരൽമലയിലും ബാക്കിയായ കണ്ണീർകാഴ്ചകൾ കണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പിലെത്തിയത്. മേപ്പാടി സെന്റെ ജോസഫ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് അദ്ദേഹം എത്തിയത്. എല്ലാ നഷ്ടപ്പെട്ട മുഖങ്ങളിലെ ദൈന്യത തിരിച്ചറിഞ്ഞ സ്വാന്തനമേകി. ഇതിനിടെ മുൻകൂട്ടി പ്രഖ്യാപിച്ച സമയക്രമങ്ങളെല്ലാം താളംതെറ്റി. എല്ലാ തിരക്കുകൾക്കും മുകളിലാണ് നിസഹായരായ മനുഷ്യരുടെ വേദനയെന്ന് തിരിച്ചറിവുള്ള പ്രധാനമന്ത്രി ക്യാമ്പിൽ കണ്ട എല്ലാവരോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ 12 പേരോടാണ് പ്രധാനമന്ത്രി സംസാരിച്ചത്. മാതാപിതാക്കൾ നഷ്ടപ്പെട്ട പതിനാറുകാരൻ മുഹമ്മദ് ഹാനിയും പതിനാലുകാരി ഹർഷയുമായാണ് കൂടുതൽ സമയം പ്രധാനമന്ത്രി ചെലവഴിച്ചത്. ദുരന്തത്തിന്റെ ഭീകരത കുഞ്ഞുങ്ങൾ പ്രധാനമന്ത്രിയോട് വിവരിച്ചു. ആശ്വാസവാക്കുകൾ നൽകി മാനസിക പിന്തുണ നൽകി. ഉരുൾ സർവ്വവും കവർന്നെടുത്ത ജിഷ്്ണു, നസീമ, സുധാകരൻ,പവിത്ര തുടങ്ങിയവരോടാണ് പ്രധാനമന്ത്രി നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ആശ്വാസവാക്കുകൾക്ക് അപ്പുറം പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്നാണ് പ്രധാനമന്ത്രി ക്യാമ്പിൽ നിന്ന് മടങ്ങിയത്. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചെലവഴിച്ചത്. ക്യാമ്പിലുള്ള ആരോഗ്യപ്രവർത്തകരെ കണ്ട് ദുരന്തബാധിതരുടെ ആരോഗ്യനിലയെപ്പറ്റി ചോദിച്ചറിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന ആറുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആശുപത്രിയിലുള്ള ദുരന്തബാധിതരെ മോദി ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അവന്തിക, ഒഡീഷയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തി ഭർത്താവ് നഷ്ടപ്പെട്ട ഡോ സുഹിത്ര ബഹോമത്ര, മകളെയും അമ്മയെയും നഷ്ടപ്പെട്ട അനിൽ തുടങ്ങിയവരെയാണ് മോദി സന്ദർശിച്ചത്. ഡോക്ടർമാരെ കണ്ട് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തി.
ഒരുമണിയോടെ റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ആദ്യം സ്‌കൂൾ റോഡിലേക്കാണ് നടന്നത്. തകർന്ന് സ്‌കൂളിനെപ്പറ്റിയാണ് ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആദ്യം ചോദിച്ചറിഞ്ഞത്. പിന്നീട് സ്‌കൂൾ റോഡിൽ നിന്ന് 70 മീറ്റർ മാത്രം അകലെയുള്ള വെള്ളാർമല സ്‌കൂൾ സന്ദർശിച്ചു. ഉരുൾകവർന്നെടുത്ത സ്‌കൂളിന്റെ ബാക്കിപത്രങ്ങൾ നേരിട്ട് കണ്ടറിഞ്ഞു. തുടർന്ന് ചൂരൽമലയിലൂടെ 600 മീറ്ററോളം നടന്ന പ്രധാനമന്ത്രി ദുരന്തത്തിന്റെ വ്യാപതി വിലയിരുത്തി. ചീഫ് സെക്രട്ടറി കെ.വേണു, കലക്ടർ ഡിആർ മേഘശ്രീ, എഡിജിപി അജിത് കുമാർ എന്നിവർ ഉരുൾപൊട്ടലിന്റെ വ്യാപ്തി വിശദീകരിച്ചു.
കണ്ണാടിപുഴയ്ക്ക് കുറുകെ ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ച സൈന്യം നിർമിച്ച ബെയ്ലി പാലം അദ്ദേഹം സന്ദർശിച്ചു. അവിടെ വെച്ച് സൈനീക എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി അദ്ദേഹം രക്ഷാപ്രവർത്തനം സംബന്ധിച്ച് ആശയവിനിമയം നടത്തി. ഉരുൾ വന്ന വഴി, വെല്ലുവിളികൾ എന്നിവ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയ ധരിപ്പിച്ചു. ഏകദേശം 50 മിനിറ്റോളം ദുരന്തഭൂമിയിൽ ചെലവഴിച്ചു. അനുവദിച്ചതിലും കൂടുതൽ സമയമാണ് ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചെലവഴിച്ചത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു
വയനാട്ടിൽ നേരിട്ട ദുരന്തം നേരിൽ കണ്ട് ബോധ്യപ്പെടുമ്പോൾ കേരളത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അടിയന്തിരമായി 2000 കോടിയിടെ പാക്കേജും മറ്റൊരു സമഗ്ര പാക്കേജുമാണ് ഇപ്പോൾ കേരളം മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ സജീവമാണ്, എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനിൽക്കുനുണ്ട്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ സജീവമാണ്, എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനിൽക്കുനുണ്ട്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്
Post a Comment