(www.kl14onlinenews.com)
(22-August -2024)
വൈകിയെത്തിയത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിൽ നടുറോഡിൽ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനും സുഹൃത്തുക്കളും
കൊച്ചി നഗരത്തിൽ പുലർച്ചയോടെ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനെന്ന് വിവരം. വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നാലുപേരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ 4.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വൈറ്റിലയിൽ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് യുവതി പരാതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കി.
മർദ്ദിച്ചതിനാണ് കേസ് എടുത്തത്. മർദ്ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പുലർച്ചെ നാല് മണിയോടെയാണ് യുവാക്കൾ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഫോണിലൂടെ സംസാരിച്ചുവരികയായിരുന്ന പെൺകുട്ടിയെ കാത്തുനിന്ന് യുവാവ് മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് പ്രദേശവാസികളിൽ ചിലർ ഇടപെട്ടെങ്കിലും പ്രശ്‌നമില്ലെന്ന് പറഞ്ഞ് ഇരുവരും നടന്നു പോയി.
ജനതാ റോഡ് ഭാഗത്തേയ്ക്കാണ് നടന്ന് എത്തിയത്. തുടർന്നുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനവും യുവതിയുടെ അലറിക്കരച്ചിലും കേട്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. മർദ്ദനം നടന്ന സ്ഥലത്ത് യുവതിയെയും യുവാക്കളെയും പൊലീസ് കാണുകയും ചെയ്തു. എന്നാൽ മർദ്ദിച്ചതിൽ പരാതിയില്ലെന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടിയതിനുശേഷമാണ് പരാതി നൽകിയത്.
Post a Comment