(www.kl14onlinenews.com)
(31-July-2024)
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‌ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ബുധനാഴ്ച എത്തും. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 12.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക.
താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ നിർമാണ സാമഗ്രികൾ കര-വ്യോമമാർഗങ്ങൾ ഉപയോഗിച്ചായിരിക്കും എത്തിക്കുക. 85 അടി നീളമുള്ള പാലം നിർമിക്കാനാണ് പദ്ധതി. അത്യാവശ്യ സാധാനങ്ങൾ എത്തിക്കാനുള്ള ചെറുവാഹനങ്ങൾക്കും മണ്ണുമാന്ത്രി യന്ത്രത്തിനും കടന്നുപോകാനാകുന്ന വിധത്തിലായിരിക്കും നിർമാണം. നിലവിൽ ഉരുൾപൊട്ടിയ പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്, ഇത് പ്രതികൂലമായാൽ പാലം നിർമാണം എത്തരത്തിലാകുമെന്നതിൽ വ്യക്തതയില്ല.17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും എത്തിയിരുന്നു. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പിൽ നിന്നുള്ളവരാണ് ദുരന്തഭൂമിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം പാലം തകർന്ന നിലയിലായതുകൊണ്ട് 12 മണിക്കൂറുകൾക്ക് ശേഷമായിരുന്നു രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലേക്ക് എത്താൻപോലും സാധിച്ചത്. 150ഓളം വരുന്ന രക്ഷാപ്രവർത്തകരാണ് നിലവിൽ മുണ്ടക്കൈയിലെത്തിയിരിക്കുന്നത്. പൂർണമായും ഇല്ലാതായ പ്രദേശത്ത് ചെറിയ ആയുധങ്ങൾ മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിനടിയിലായ വീടുകൾ കണ്ടെത്തുക എന്നത് തന്നെ പ്രയാസകരമായ കാര്യമാണ്.
Post a Comment