രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല; ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിൽ 3024

(www.kl14onlinenews.com)
(29-July-2024)

രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല; ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിൽ
ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. അപകടം നടന്ന് 14-ാം ദിവസമായ ഇന്ന് നേവി-എന്‍ഡിആര്‍എഫ് സംഘം പുഴയില്‍ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങള്‍ മേഖലയില്‍ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാല്‍ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്.

അതേസമയം, രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു. ഇതിനിടെ ഷിരൂരില്‍ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജര്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ തൃശൂരില്‍ നിന്നുള്ള ടെക്‌നിക്കല്‍ സംഘം ഷിരൂരില്‍ എത്തും. ആറ് നോട്ടില്‍ കൂടുതല്‍ അടിയൊഴുക്കുള്ള ഗംഗാവലിയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനും വെല്ലുവിളികളേറെയാണെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചിൽ നിർത്തിവെച്ചു

തിങ്കളാഴ്ച തിരച്ചിലുണ്ടാവില്ല. ഗംഗാവലി പുഴയിൽ ശക്തമായ കുത്തൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെയും നാവികസേനയുടെയും സംഘം സംഭവസ്ഥലത്ത് നിന്ന് മടങ്ങി. എന്നാൽ സംഘം ഷിരൂരിൽ തന്നെ തുടരും. പുഴയിലെ കുത്തൊഴുക്ക് കുറയുന്നതിന് അനുസരിച്ച് രക്ഷാദൗത്യം പുനരാരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം.

അതേസമയംഅർജുനായുള്ള തിരച്ചിൽ യാതൊരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു. അർജുനെപോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നതുവരെ യാതൊരു കാരണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post