(www.kl14onlinenews.com)
(31-July-2024)
വയനാട് ദുരന്തം; 26 പേരെ ജീവനോടെ കണ്ടെത്തി
കൽപ്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയിൽ നിന്ന് കാണാതായ 32 പേരിൽ 26 പേരെ ജീവനോടെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇതിൽ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. ശേഷിക്കുന്നവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
164 മരണങ്ങൾ സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 164 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
കൂടുതൽ ആളുകളും വയനാട് വിംഗ്‌സ് ആശൂപത്രിയിലാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിവസത്തെ പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. പനങ്കയത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ചാലിയാർ പുഴയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി കിട്ടി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ഇതുവരെ 18 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ദുരന്തത്തിൽ പോത്തുകല്ലിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുൾ പൊട്ടലിൽ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
Post a Comment