(www.kl14onlinenews.com)
(25-July-2024)
ചെമനാട് ഗ്രാമ പഞ്ചായത്തിൽ 25ഏക്കർ സർക്കാർ ഭൂമി കൈയേറാൻ ഭൂമാഫിയശ്രമം, തിരിച്ച് പിടിക്കണമെന്ന് ജില്ലാ ജനകീയ നീതിവേദി
മേൽപറമ്പ :
ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചന്ദ്രഗിരി കളനാട് ഗ്രാമത്തിലെ പയോട്ട എന്ന ദിക്കിൽ 25 ഏക്കറിൽ അധികം വരുന്ന സർക്കാർ പുറംപോക്ക് ഭൂമി കഴിഞ്ഞ കുറെ വർഷങ്ങളായി ചെമനാട് ഗ്രാമ പഞ്ചായത്ത് 100 വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയെന്ന പേരിൽ ചിലർ അനുഭവിച്ച് വരികയായിരുന്നു.
ഈയടുത്ത കാലത്തായി ഭൂമാഫിയയിൽപ്പെട്ട ചിലർ പ്രസ്തുത ഭൂമി സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ചിലർ ജില്ലാ ജനകീയ നീതി വേദിയെ സമീപിച്ചതോടെ പഞ്ചായത്തിലും, വില്ലേജ് ഓഫിസിലും നൽകിയ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ്, ആർക്കും ഭൂമി പാട്ടത്തിന് നൽകിയിട്ടില്ലെന്നും, സർക്കാർ പുറംമ്പോക്ക് ഭൂമിയായി നിലകൊളളുക യാണെന്നും രേഖാമൂലം നൽകിയ കുറിപ്പിൽ അധികൃതർ വ്യക്തമാക്കിയത്.
ചന്ദ്രഗിരി പാലം മുതൽ കടവത്ത് ചളയംകോട് വരെയുള്ള പുഴയോരമാണ് ചിലർ പിടിച്ച് വച്ച് സ്വകാര്യവത്കരിക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു പ്രദേശത്തെ മുഴുവൻ ചുളുവിൽ സ്വകാര്യവത്കരിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കാസർ തഹസിൽദാർക്ക് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ മാ ക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ, താത്വികാചാര്യ സമിതി അംഗ സീതു മേൽപറമ്പ എന്നിവർ പരാതി നൽക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
സർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ നിയമ നടപടികളും ജനകീയ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകാൻ ജില്ലാ ജനകീയ നീതി വേദി മുന്നോട്ട് വരുമെന്ന് നീതി വേദി ഭാരാവാഹികൾ അറിയിച്ചു.
Post a Comment