കേരളം കണ്ട മഹാദുരന്തം; മരണം 240 ആയി; ഇനിയും കണ്ടെത്താനുള്ളത് 200ലധികം പേരെ

(www.kl14onlinenews.com)
(31-July-2024)

കേരളം കണ്ട മഹാദുരന്തം; മരണം 240 ആയി; ഇനിയും കണ്ടെത്താനുള്ളത് 200ലധികം പേരെ

കല്പറ്റ: ഉരുൾപൊട്ടലിൽ വിലാപഭൂമിയായി മാറിയ വയനാട്ടിൽ ആശങ്കയുയർത്തി മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. അതേസമയം, 79 പുരുഷന്മാരും 64 സ്ത്രീകളും ഉൾപ്പെടെ 240 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു.

225 പേരാണ് പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയിൽനിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്

ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ബുധനാഴ്ചയും രക്ഷാപ്രവർത്തനം തുടരുകയാണ്. കരസേനയും വ്യോമസേനയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവർത്തകരും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

കൂറ്റൻ പാറക്കല്ലുകൾക്കടിയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങൾ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. കോൺക്രീറ്റ് കട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും നേരിടുന്നുണ്ട്.

ദുരന്തബാധിതമേഖലയിൽനിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളിൽ മാത്രം ആയിരത്തിലധികം പേരുണ്ട്

Post a Comment

Previous Post Next Post