(www.kl14onlinenews.com)
(31-July-2024)
ന്യൂഡൽഹി: ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു തവണ മുന്നറിയിപ്പ് നൽകി. നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കേരള സർക്കാർ എന്തു ചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സർക്കാർ കേരള ജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.
മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു. ജോർജ് കുര്യൻ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. പ്രതിരോധ സേനയുടെ മെഡിക്കൽ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ സൈന്യത്തിൻ്റെ കൂടുതൽ സംഘങ്ങളെ അയക്കുമെന്നും നിത്യാനന്ദ റായ് കൂട്ടിച്ചേര്‍ത്തു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 126 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
ഉരുൾപൊട്ടൽ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുൾ വിഴുങ്ങുകയായിരുന്നു.മേപ്പാടി പഞ്ചായത്തിന്റെ കണക്കനുസരിച്ച മുണ്ടക്കൈയിൽ 504കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 375 എണ്ണവും വീടുകളായിരുന്നു. അതിൽ 150 വീടുകൾ പൂർണ്ണായി നശിച്ചെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ പ്രദേശത്ത് 30 വീടുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മേപ്പാടി പഞ്ചായത്ത് അംഗം കെ.ബാബു പറയുന്നു.
മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നതിന് രക്ഷാപ്രവർത്തകർക്ക് തടസ്സമായത്. ഇഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Post a Comment