(www.kl14onlinenews.com)
(28-July-2024)
കാസർകോട് :
ശിലാഫലകത്തിൽ നിന്നു പഞ്ചായത്ത്
പ്രസിഡന്റിന്റെ പേര് വെട്ടിമാറ്റി,
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവാക്കി ജി.എൽ.പി.സ്. ചന്ദ്രഗിരിയുടെ മുറ്റത്ത് മനോഹരമായ ഷീറ്റ് പന്തൽ സ്ഥാപിച്ചിട്ടുണ്ടു. ഇന്നലെ 27.07.2024 നായിരുന്നു അതിന്റെ ഔദ്യോഗിക ഉദ്ഘാടനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമയാണു ശിലാഫലകത്തിന്റെ കർട്ടൻ നീക്കി ഉദ്ഘാടനം നിർവ്വഹിച്ചത്. ഇപ്പോൾ ആ ശിലാഫലകമാണു വിവാദമായിരിക്കുന്നത്. ശിലാഫലകത്തിൽ ഉദ്ഘാടക സി.എ. സൈമയുടേയും അദ്യക്ഷൻ ബ്ലോക്ക് മെമ്പർ കലാഭവൻ രാജുവിന്റെയും പഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൾ കലാം സഹദുല്ലയുടേയും പേരുകൾ കൊത്തിവെച്ചിട്ടുണ്ടു. എന്നാൽ മുഖ്യാഥിതി പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന്റെ പേരില്ല.
ബ്ലോക്ക് പഞ്ചായത്തുകാരാണു ശിലാഫലകം തയ്യാറാക്കി കൊണ്ടുവന്നതെന്നും മുഖ്യാഥിതി സുഫൈജ അബൂബക്കറിന്റെ പേര് ബന്ധപ്പെട്ടവർക്ക് നല്കിയിരുന്നുവെന്നും, ഫലകം തുറന്നു നോക്കിയപ്പോൾ, കൊടുത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും കൊടുക്കാത്ത വാർഡ് മെമ്പറിന്റെ പേരാണു രേഖപ്പെടുത്തിയതെന്നും കണ്ടെന്നു സംഘാടകർ പറയുന്നു.
ഇതൊരു കൈയ്യബദ്ധമല്ലെന്നു നാട്ടുകാർ പറയുന്നു. ഉദ്ഘാടശേഷം പന്തലിൽ വെച്ചു പഞ്ചായത്ത് പ്രസിഡന്റിന്റെ കൈ പിടിച്ചു കുശലം പറയുമ്പോൾ, ''കല്ലിൽ പേരെഴുതാൻ കോൺട്രാക്ട് കൊടുത്തപ്പോൾ അവർ നിങ്ങളുടെ പേരെഴുതാൻ വിട്ടു പോയിട്ടുണ്ടെ'' ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായും, ''ഞാൻ കല്ലിലെ പേരിനെ കാര്യമാക്കുന്ന ആളല്ല '', എന്നു പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞതായും കേട്ടവർ പറയുന്നു.
ശിലാഫലകത്തിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് വെട്ടിമാറ്റിയതിനു പിന്നിൽ മേൽപ്പറമ്പു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുസ്ലിം ലീഗിലെ ഒരു കച്ചവട ലോബിയാണെന്നാണു ജനസംസാരം. ഈ കോക്കസിന്റെ ഒരു ശിങ്കിടി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ടു. അദ്ദേഹം വഴിയാണു ഈ വെട്ടി നിരത്തൽ നടത്തിയത്. ജനപ്രിയ ഭരണാധികാരി സുഫൈജ അബൂബക്കറിനെ ഒതുക്കാനും പുറന്തള്ളാനും മുസ്ലിം ലീഗിന്റെ ഒരു വാർഡ് മെമ്പറിന്റെ ഭർത്താവിന്റെ നേതൃത്വത്തിൽ തകൃതിയായ കുതന്ത്രങ്ങൾ അടുത്ത കാലത്തായി നടക്കുന്നുണ്ടെന്നതും അങ്ങാടിപ്പാട്ടാണു.
ശിലാഫലകത്തിൽ മുഖ്യാഥിതിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് ഉൾപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. അതു മാത്രമല്ല ഫലകത്തിൽ മറ്റൊരു തെറ്റും കടന്നു കൂടിയിട്ടുണ്ടു. പന്തൽ ഉദ്ഘാടനം എന്നതിനു പകരം പന്തൽ വർക്കിന്റെ ഉദ്ഘാടനം എന്നാണു ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജനപ്രിയ പഞ്ചായത്ത് പ്രസിഡന്റിനെ ഒതുക്കാനും രാജിവെപ്പിക്കാനുമുള്ള മേൽപ്പറമ്പ് കേന്ദ്രീകരിച്ചുള്ള ലീഗിലെ കറക്ക് കമ്പനിയുടെ ഗൂഢശ്രമത്തിൽ ഭൂരിപക്ഷ ലീഗ് പ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന്റെ പേര് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാരുടെ നിലപാട്
Post a Comment