അർജുന്റെ ലോറി നദിയിൽ പത്ത് മീറ്റർ ആഴത്തിൽ

(www.kl14onlinenews.com)
(25-July-2024)

അർജുന്റെ ലോറി നദിയിൽ പത്ത് മീറ്റർ ആഴത്തിൽ

മംഗളൂരു: ഷിരൂരിൽ കാണാതായ അർജുന്റെ ലോറി ഗംഗാവലി നദിയിൽ പത്ത് മീറ്റർ ആഴത്തിൽ കണ്ടെത്തി. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന റിട്ട.മേജർ ജനറൽ ഇന്ദ്ര ബാലനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെ മുതലുള്ള ഡ്രോൺ പരിശോധനയിൽ നദിയിൽ, നാലിടത്ത് നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്നാമത്തെതായി കണ്ടെത്തിയതാണ് അർജുന്റെ ലോറി. കരയിൽ നിന്ന് 15 മീറ്റർ അകലെയായാണ് ലോറി കണ്ടെത്തിയത്. എന്നാൽ, ലോറിയിൽ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ലോറിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ തെർമൽ ഇമേജ് കിട്ടാനുള്ള പരിശോധനകൾ നടത്തും. ലോറിയിൽ നിന്ന് തടി വിട്ടുപോയ സ്ഥിതിയാണ്. ലോറിയുടെ മറ്റ് ഭാഗങ്ങൾ വേർപ്പെട്ട് പോയിട്ടുണ്ടോയന്നും സംശയിക്കുന്നുണ്ട്. എന്നാൽ, ലോറിയുടെ ഭാഗങ്ങൾ വേർപ്പെട്ട് പോകാൻ സാധ്യതയില്ലെന്ന് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ടെന്നും റിട്ട.മേജർ ജനറൽ ഇന്ദ്ര ബാലൻ പറഞ്ഞു.

നിലവിൽ രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരാനാണ് സൈന്യത്തിന്റെ തീരൂമാനം. എന്നാൽ നദിയിലെ ഒഴുക്കിന്റെ സ്ഥിതി നോക്കിയാകും രാത്രിയിൽ പുഴയിലിറങ്ങിയുള്ള പരിശോധന. ഒഴുക്ക് രണ്ട് നോട്ടിക്കൽ മൈൽ കൂടുതലാണെങ്കിൽ നദിയിലിറങ്ങിയുള്ള പരിശോധന അസാധ്യമാണ്. കനത്തമഴയിൽ ഗംഗാവലി നദിയിലെ ജല നിരപ്പ് ക്രമാധീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ അഞ്ച് നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ പുഴയിലെ കുത്തൊഴുക്ക് കൂടുന്നുണ്ട്.

അതേസമയം, നേരത്തെ പുഴയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗം കാണാതായ ടാങ്കർ ലോറിയിലെ ക്ലീനർ ശരവണന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് കാൻവാർ എംഎൽഎ സതീശ് സെയിൽ പറഞ്ഞു. കേരളത്തിൽ നിന്നും എംകെ രാഘവൻ, എംഎൽഎമാരായ എംകെഎം അഷ്‌റഫ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

രാവിലെ മുതൽ നദിയിൽ അഡ്വാൻസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയായിരുന്നു. നദിയുടെ മുകളിലൂടെ പറത്തി, അടിത്തട്ട് സ്‌കാൻ ചെയ്തുള്ള പരിശോധനയിലാണ് ട്രക്ക് കണ്ടെത്തിയത്. ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തുണ്ട്. കൂടാതെ രണ്ടാമതൊരു ബൂം എക്സവേറ്ററും തിരച്ചിലിനെത്തിച്ചിട്ടുണ്ട്. തിരച്ചിലിൽ ലോറിയിൽ നിന്നും തെറിച്ചു വീണ നാലു കഷണം തടിയും സൈന്യം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് 12 കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ ഒന്ന് എന്ന് തടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ രാവിലത്തെ രക്ഷാദൗത്യത്തിന് ഏറെ വെല്ലുവിളി സ്രഷ്ടിച്ചിരുന്നു. മഴ ശമിച്ചതിന് പിന്നാലെയാണ് രക്ഷാദൗത്യം തുടങ്ങിയത്. രാവിലെ മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവർമാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു

അർജുൻ ദൗത്യം ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് സൈന്യത്തിന്റെ അനുമാനം. ഏറ്റവും വലിയ ലോഹഭാഗത്തിന്‍റെ സിഗ്നൽ കിട്ടിയ ഇടം ആണ് ട്രക്കെന്ന് കണ്ടെത്തിയിരിക്കുന്നത്. സിഗ്നലുകൾ വച്ച് മാപ്പ് ചെയ്ത രൂപവും ഒരു ട്രക്കിന്‍റേതാണ്. ഐബോഡ്, റഡാർ, സോണാർ സിഗ്നലുകൾ ചേർത്ത് വച്ചും പരിശോധന നടത്തി. അത് എട്ട് മുതൽ 10 മീറ്റർ വരെ ആഴത്തിലാണ്, അതായത് കരയിൽ നിന്ന് ഏതാണ്ട് 60 മീറ്റർ ദൂരത്തിലാണ് ഇവയുള്ളത്.

അവിടെ താഴെയിറങ്ങി പരിശോധന നടത്തിയാൽ മാത്രമേ അത് എത്രത്തോളം മണ്ണിൽ പുതഞ്ഞിട്ടുണ്ടെന്ന് മനസ്സിലാകൂ. നിലവിലെ സാഹചര്യത്തിൽ ഡൈവിംഗിന് ഒരു സാധ്യതയുമില്ലെന്നും സൈന്യം വ്യക്തമാക്കുന്നു. ക്യാബിനോ ട്രക്കിന്‍റെ പൊസിഷനോ ഇപ്പോൾ കൃത്യമായി നിർണയിക്കാനായിട്ടില്ലെന്നും സൈന്യം വിശദമാക്കി.
ഗംഗാ വലിയിൽ കനത്ത അടിയൊഴുക്കിനെ തുടർന്ന് പലവട്ടം താത്ക്കാലികമായി പരിശോധനകൾ നിർത്തിവെച്ചിരുന്നു. നദിയിലെ ഒഴുക്ക് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പിന്നീട് നടപടികൾ പുനരാരംഭിച്ചത്. നദിയുടെ മുകൾഭാഗത്ത് ഡ്രോണിലെ പ്രത്യേക സംവിധാനം ക്രമീകരിച്ചുകൊണ്ടൊണ് ഒഴുക്ക് പരിശോധിച്ചത്

Post a Comment

Previous Post Next Post