(www.kl14onlinenews.com)
(26-July-2024)
പാരീസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; ഒളിമ്പിക്‌സിന് എത്തുന്നവരേയും ബാധിക്കും, പ്രതിസന്ധി ഒരാഴ്ചനീണ്ടേക്കും
പാരീസ്: ഒളിമ്പിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുന്നെ ഫ്രാൻസിലെ അതിവേഗ റെയിൽസംവിധാനത്തിനു നേരെയുണ്ടായ തീവെപ്പ് ഉൾപ്പെടെയുള്ള ആക്രമണം കടുത്ത ആശങ്ക ഉയർത്തുന്നതാണ്. ഉദ്ഘാടനത്തിന്റെ മണിക്കൂറുകൾക്ക് മാത്രം മുന്നെ, കായിക താരങ്ങളും കാണികളും ഒളിമ്പിക്സ് ലക്ഷ്യംവെച്ച് യാത്ര നടത്തുന്ന നിർണായക സമയംകൂടിയാണിത്. ഈ സമയത്ത് നടക്കുന്ന ആക്രമണം ഒളിമ്പിക് ഗെയിംസിന്റെ വിവിധ പരിപാടികളിലേക്കുള്ള പ്രവേശനം സങ്കീർണമാക്കിയേക്കും.
സ്ഥിതിഗതികൾ പുനഃസ്ഥാപിക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി ഫ്രാൻസ് റെയിൽവേ സംവിധാനം സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുമെന്ന റിപ്പോർട്ടുകളുണ്ട്. കൂടുതൽ ട്രെയിനുകൾ ഇതിനകംതന്നെ റദ്ദാക്കിക്കഴിഞ്ഞു. എട്ട് ലക്ഷത്തോളം പേരുടെ യാത്രകളും തടസ്സപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടുവെന്നും അവയിൽത്തന്നെ പലതും റദ്ദാക്കേണ്ടി വന്നേക്കാമെന്നും ഫ്രാൻസ് റെയിൽവേ സംവിധാനമായ എസ്.എൻ.സി.എഫ്. പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും സ്ഥിതിഗതികൾ പഴയപടിയാക്കാൻ കുറഞ്ഞത് ഒരാഴ്ച സമയമെടുത്തേക്കുമെന്നും സൂചനകളുണ്ട്.
ഹൈസ്പീഡ് റെയിൽവേ സംവിധാനത്തിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഫ്രാൻസിൽ ഇതിന് പ്രത്യേക ട്രാക്കാണ്. ഫ്രാൻസിനകത്തെ പ്രധാന നഗരങ്ങളിലേക്കും പുറംരാജ്യങ്ങളിലേക്കും നീളുന്നതാണിത്. അതിനാൽത്തന്നെ വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് പല നഗരങ്ങളിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവർ ഹൈ സ്പീഡ് ട്രെയിനിനെ ആശ്രയിക്കുന്നവരാണ്. അവരിൽ മിക്കവരെയും ബാധിക്കുന്നതായിരിക്കും നിലവിലെ ആക്രമണം.
ആസൂത്രിതമായ ആക്രമണമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഫ്രാൻസിലെ സുരക്ഷാ ഉദ്യോഗസ്ഥർ എസ്.എൻ.സി.എഫുമായി ബന്ധപ്പെട്ട് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. തുറന്ന വേദിയിൽ പ്രാദേശിക സമയം വൈകീട്ട് 8.24നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. നിലവിലെ ആക്രമണം സംഘാടകർക്കും അധികൃതർക്കും ഒരു അധിക വെല്ലുവിളിയെക്കൂടി മറികടക്കേണ്ട അവസ്ഥ വന്നെത്തിച്ചിരിക്കുന്നു. സെൻ നദിയിലൂടെയാണ് ഒളിമ്പിക് മത്സരാർഥികൾ പാരീസ് വേദിയിലെത്തിച്ചേരുക.
Post a Comment