സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങ്; ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത

(www.kl14onlinenews.com)
(05-May-2024)

സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങ്; ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ ആന്ദ്രെ റസൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്‍റുമായി കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ രണ്ടാമതും 12 പോയന്‍റുള്ള ചെന്നൈ മൂന്നാമതുമാണ്. വമ്പന്‍ തോല്‍വി വഴങ്ങിയ ലഖ്നൗ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തായി. ഹൈദരാബാദാണ് നാലാമത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 235-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 16.1 ഓവറില്‍ 137ന് ഓള്‍ ഔട്ട്.

തുടക്കത്തിലെ അടിതെറ്റി
ലഖ്നൗ ഏക്നാ സ്റ്റേ‍ഡിയത്തിലെ ഏറ്റവും വലിയ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് തുടക്കത്തിലെ ആടിതെറ്റി. ഇംപാക്ട് സബ്ബായി ഇറങ്ങിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി(9) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും(21 പന്തില്‍ 25), മാര്‍ക്കസ് സ്റ്റോയ്നിസും(21 പന്തില്‍ 36) 7 ഓവറില്‍ 70 റണ്‍സിലെത്തിച്ച് ലഖ്നൗവിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ദീപക് ഹൂഡ(5), നിക്കോളാസ് പുരാന്‍(10), ആയുഷ് ബദോനി(15), ആഷ്ടണ്‍ ടര്‍ണര്‍(16), ക്രുനാല്‍ പാണ്ഡ്യ(5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ലഖ്നൗ വമ്പന്‍ തോല്‍വി വഴങ്ങി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ് 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്ക ഓപ്പണര്‍ സുനില്‍ നരെയ്നിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തപ്പോള്‍ ഫില്‍ സാള്‍ട്ട് 14 പന്തില്‍ 32 റണ്‍സും അംഗ്രിഷ് രഘുവംശി 26 പന്തില്‍ 32 റണ്‍സുമെടുത്ത് തിളങ്ങി. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു.

Post a Comment

Previous Post Next Post