(www.kl14onlinenews.com)
(18-May-2024)
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ടായിരുന്നു നൗഫലിന്റെ പ്രതിഷേധം.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ചത്. വിദ്യാർഥി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, മഹിളാ സംഘടനകൾ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് യോഗത്തിൽ നൗഫൽ ഉയർത്തിക്കാട്ടി.
യോഗം തുടങ്ങിയതും നൗഫൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. 45530 സീറ്റുകൾ മലബാറിന്റെ അവകാശമാണ്. മലബാർ കേരളത്തിലാണെന്നും ടീ ഷർട്ടിൽ എഴുതിയിരുന്നു. യോഗത്തിൽ പ്രതിഷേധിച്ചതിന് നൗഫലിനെ മന്ത്രി വിമർശിച്ചു. യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം തുടർന്നതോടെ നൗഫലിനെ ഹാളിൽ നിന്ന് പുറത്താക്കി. എന്നാൽ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടർന്നതോടെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മലബാർ മേഖലയിൽ ഇനിയും കൂടുതൽ സീറ്റുകൾ അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാൾ കൂടുതൽ ഇത്തവണ അനുവദിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ സീറ്റുകൾ അനുവദിക്കില്ലെന്ന നിലപാടിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു നൗഫലിന്റെ പ്രതിഷേധം.
വാഗൺ ട്രാജഡി ക്ലാസുകൾ നടപ്പാക്കരുതെന്ന് ലീഗ്
മലബാറിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സമര രംഗത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 29ന് പ്രതിസന്ധിയുള്ള 6 ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ ലീഗ് പ്രതിഷേധിക്കും. സീറ്റ് കൂട്ടിയിട്ട് കാര്യമില്ലെന്നും വാഗൺ ട്രാജഡി ക്ലാസുകൾ നടപ്പാക്കരുത് എന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കോഴിക്കോട് ആവശ്യപ്പെട്ടു.
Post a Comment