(www.kl14onlinenews.com)
(18-May-2024)
കൊച്ചിയില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തിയ യുവതിയടക്കം ആറംഗസംഘം എളമക്കരയില്‍ പൊലീസിന്‍റെ പിടിയിലായി. കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ലഹരിക്കച്ചവടത്തിന്‍റെ വരവ് ചെലവ് ലാഭവിഹിത കണക്കുകള്‍ സൂക്ഷിച്ച പുസ്തകവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വരാപ്പുഴ സ്വദേശിനി അല്‍ക, തൃശൂര്‍ സ്വദേശി അബില്‍ ലൈജു, പാലക്കാട് സ്വദേശികളായ ആഷിഖ് അന്‍സാരി, എം.സി. സൂരജ്, രഞ്ജിത്, മുഹമ്മദ് അസര്‍ എന്നിവരാണ് പിടിയിലായത്. 20നും 24 വയസിനുമിടയിലാണ് ഇവരുടെ പ്രായം. മോഡലിങ്ങിനും മറ്റുമായി കൊച്ചിയിലെത്തിയ സംഘം പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401നമ്പര്‍ മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരിഉപയോഗവും വില്‍പനയും. കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയ സംഘം ഒരാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്തു. ഒരു ഗ്രാം കൊക്കൈയ്ന്‍, ഒന്നര ഗ്രാം മെത്താഫെറ്റമിന്‍, എട്ട് ഗ്രാം കഞ്ചാവ് എന്നിവ കട്ടിലിനടിയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരിഉപയോഗത്തിനുള്ള ഫ്യൂമിങ് ട്യൂബ് , സിറിഞ്ചുകളടക്കം ഇവരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായവര്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് വ്യക്തമാക്കി. നാളുകളായി തുടരുന്ന ലഹരികച്ചവടത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പിടിച്ചെടുത്ത കണക്ക് പുസ്തകം.
ബുധനാഴ്ച മാത്രം എട്ട് പേര്‍ക്ക് 14000 രൂപയ്ക്കാണ് ഇവര്‍ ലഹരിമരുന്ന് വിറ്റത്. ഇവര്‍ക്ക് ലഹരിമരുന്ന് കൈമാറുന്നവരുടെ വിവരങ്ങളും ലാഭത്തിന്‍റെ വിവരങ്ങളും പുസ്തകത്തിലുണ്ട്. പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് കടന്നുകളഞ്ഞ അജിത്ത്, മിഥുന്‍ മാധവ് എന്നിവര്‍ക്കായും അന്വേഷണം തുടരുകയാണ്. ലഹരിയിടപാടുകളുടെ ബുദ്ധികേന്ദ്രം ഇവരാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.
Post a Comment