എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാന സർവീസുകൾ ഇന്നും മുടങ്ങി

(www.kl14onlinenews.com)
(10-May-2024)

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാന സർവീസുകൾ ഇന്നും മുടങ്ങി
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പായ ശേഷവും വിമാന സർവീസുകൾ മുടങ്ങി. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് മുടങ്ങിയത്. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ദുബായ്, അബുദാബി, റിയാദ്, ഷാർജ, ദമാം എന്നിവിടങ്ങളിലേക്കുള്ള അഞ്ചു സർവീസുകളാണ് കണ്ണൂരിൽ റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, മസ്കറ്റ് സർവീസുകളാണ് നെടുമ്പാശേരിയിൽ റദ്ദാക്കിയത്.

അതേസമയം, തിരുവനന്തപുരം, കരിപ്പൂര് വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പുനരാരംഭിച്ചു. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ, വ്യാഴാഴ്ച ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽലാണ് ചര്‍ച്ച നടന്നത്. പിരച്ചിവിട്ട ജീവനക്കാരെ തിരികെയെടുക്കണമെന്നത് അടക്കമുള്ള യൂണിയന്റെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കുകയും സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തുകയും ചെയ്തിരുന്നു.

തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 170 വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ എച്ച്.ആർ. മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ഡൽഹി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനം.

പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്പനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.

Post a Comment

Previous Post Next Post