ആവേശം അണപൊട്ടി; കൊട്ടിക്കലാശത്തിനിടയിൽ പലയിടത്തും സംഘർഷം, കരുനാഗപള്ളിയിൽ കല്ലേറിൽ എംഎൽഎയ്ക്കും 4 പൊലീസുകാർക്കും പരുക്ക്

(www.kl14onlinenews.com)
(24-APR-2024)

ആവേശം അണപൊട്ടി;
കൊട്ടിക്കലാശത്തിനിടയിൽ പലയിടത്തും സംഘർഷം, കരുനാഗപള്ളിയിൽ കല്ലേറിൽ എംഎൽഎയ്ക്കും 4 പൊലീസുകാർക്കും പരുക്ക്
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിനിടയിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പലയിടത്തും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. കരുനാഗപള്ളിയിൽ ഇന്ന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് - എൽഡിഎഫ് സംഘർഷമുണ്ടായി. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് നടത്തിയ കല്ലേറിലും മറ്റു സംഘർഷങ്ങളിലുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറിൽ സി.ആർ. മഹേഷ് എം.എൽ.എയ്ക്കും നാല് പൊലീസുകാർക്കും പരുക്കേറ്റു.

വൈകിട്ട് 5.20ഓടെയാണ് ഇരു മുന്നണികൾ തമ്മിൽ തർക്കം ആരംഭിച്ചതും അത് സംഘർഷത്തിലേക്ക് വഴിമാറിയതും. കല്ലേറിൽ ഇരു വിഭാഗങ്ങളിലേയും പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. എംഎൽഎയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ജനക്കൂട്ടത്തിന് നേരെ കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെ പുക ശ്വസിച്ച് ശ്വാസം തടസ്സം നേരിട്ടവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വൻ പൊലീസ് സന്നാഹം തന്നെ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്.

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ ഇടതു അണികളും യുഡിഎഫ് അണികളും തമ്മിൽ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും നേരിയ വാക്കേറ്റവുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ചെങ്ങന്നൂർ മണ്ഡലങ്ങളിലും കൊട്ടിക്കലാശത്തിനിടെ കയ്യാങ്കളിയുണ്ടായി

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ഇന്ന് വൈകിട്ടോടെ ആവേശകരമായ കൊട്ടിക്കലാശമാണ് ഉണ്ടായത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി.

വൈകിട്ട് ആറ് മണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മറ്റെന്നാള്‍ രാവിലെ ഏഴു മുതല്‍ സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങും.

Post a Comment

Previous Post Next Post