(www.kl14onlinenews.com)
(24-APR-2024)
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. ഇന്നു ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലിൽ എത്താനാണ് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് പ്രേമകുമാരിക്ക് വിസ തരപ്പെടുത്തിയത്.
ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേൽ ജെറോമും യെമനിലേക്ക് പുറപ്പെട്ടത്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ക്ഷമചോദിക്കാനും ഒത്തുതീർപ്പ് ചർച്ചകൾക്കും ശ്രമം തുടരുന്നുണ്ട്.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രയയുടെ വാദം.
Post a Comment