രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ഇന്നും പ്രതിഷേധം; കല്ലേറ്; സംഘര്‍ഷം

(www.kl14onlinenews.com)
(13-JAN-2024)

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ഇന്നും പ്രതിഷേധം; കല്ലേറ്; സംഘര്‍ഷം
കൊച്ചി :
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മാര്‍ച്ച് നടന്നു. പാലക്കാട് എസ്പി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ഭേദിച്ച് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ അഞ്ച് വട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൈകോർത്ത് റോഡിൽ കിടന്ന വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെ മുപ്പതിലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള മാർച്ച് സുഭാഷ് പാർക്കിന് മുന്നിൽ തടഞ്ഞതോടെ പ്രവർത്തകർ പൊലീസിന് നേർക്ക് കല്ലും പൈപ്പും കമ്പും ചെരുപ്പുകളും വലിച്ചെറിയുകയായിരുന്നു. കല്ലേറ് രൂക്ഷമാവുകയും ജലപീരങ്കി വാഹനത്തിന്റെ കണ്ണാടി തകരുകയും ചെയ്തിട്ടും പൊലീസ് സംയമനം പാലിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്ത മാർച്ചിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജില്ലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരും അടക്കം പങ്കെടുത്തു.

Post a Comment

Previous Post Next Post