(www.kl14onlinenews.com)
(22-DEC-2023)
തിരുവനന്തപുരം: നാളെ സമാപിക്കാനിരിക്കെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. നാല് നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ വെള്ളിയാഴ്ച നവകേരള സദസ് നടക്കും.
അതേസമയം, നവകേരള സദസ്സ് കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ യൂത്ത് കോൺഗ്രസ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹർത്താൽ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേർക്കുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പിന്നാലെ സിപിഎം പ്രവർത്തകന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാർ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്.
ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നിരവധി പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നവകേരള സദസിന്റെ ബോർഡുകൾ കെ എസ് യു പ്രവർത്തകർ നശിപ്പിച്ചു.
Post a Comment