'രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

(www.kl14onlinenews.com)
(15-Aug-2023)

'രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 77ആം ആഘോഷ നിറവിൽ കേരളവും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിച്ചു സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചുവെന്നും 7 വർഷം കൊണ്ട് 84 ശതമാനം വർദ്ധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്നെന്നും അദ്ദേഹം സ്വാതന്ത്ര്യദിന ആശംസയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം....

''ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.

കൊളോണിയല്‍ ഭരണത്തിനെതിരെ ധീരരക്തസാക്ഷികള്‍ ഉള്‍പ്പെടെ അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഇന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ്.

സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്.''

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. രാവിലെ ഒന്‍പത് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്,അശ്വാരൂഢ സേന എന്നിവരുടെയും പരേഡ് നടന്നു. പിന്നാലെ ഇവരില്‍ നിന്ന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും ജില്ലാ കലക്ടര്‍മാരും പതാക ഉയര്‍ത്തും. സ്‌കൂളുകളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post