'പൈസ പച്ചപാക്കിന്റെ അടിയിൽ വെച്ചിട്ടുണ്ട്'; കരുതലിന്റെ കാഴ്ച്ച, ഹരിതകർമ്മ സേനക്കാർക്കുള്ള പണം കരുതിവച്ച് വീട്ടുകാർ, അഭിനന്ദിച്ച് കളക്ടർ

(www.kl14onlinenews.com)
(14-Aug-2023)

'പൈസ പച്ചപാക്കിന്റെ അടിയിൽ വെച്ചിട്ടുണ്ട്'; കരുതലിന്റെ കാഴ്ച്ച, ഹരിതകർമ്മ സേനക്കാർക്കുള്ള പണം കരുതിവച്ച് വീട്ടുകാർ, അഭിനന്ദിച്ച് കളക്ടർ

കാസർകോട് :
നമ്മളിൽ എത്രപേർക്ക് അറിയാം ഹരിത കർമ്മ സേനയെ, എത്രപേർ അവരെ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്? വളരെ കുറച്ച് ആളുകൾ മാത്രം. കാരണം നമ്മുടെ മനോഭാവങ്ങളും ശീലങ്ങളും തന്നെയാണ്. 'നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം, പൈസയും കൊടുക്കണോ' എന്നാണ് പലരുടേയും സംശയം. പലരും ഹരിത കർമ്മ സേനാംഗങ്ങൾ വരുമ്പോൾ വാതിലടച്ച് അകത്തിരിക്കും.

കേരളത്തിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതിൽപ്പടി സേവനം നൽകുന്ന സംഭരമാണ് ഹരിത കർമ സേന. ഒരു വാർഡിൽ രണ്ട് ഹരിത കർമ്മ സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. പലസ്ഥലങ്ങളിലും ഹരിതകർമ്മ സേനാംഗങ്ങൾക്ക് മോശം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. വാതിൽ കൊട്ടിയടയ്ക്കുകയും ആട്ടിപ്പായ്ക്കുകയും ചെയ്യുന്നവരാണ് ഏറെയും. എന്നാൽ ഇപ്പോഴിതാ വീടിന് പുറത്ത് പോകുമ്പോൾ ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ട തുക കൃത്യമായി കരുതിവെയ്ക്കുന്നവരും ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് കാസർകോട് കളക്ടർ കെ. ഇമ്പശേഖർ.
ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡിൽ മാലിന്യം ശേഖരിക്കാൻ ഹരിതകർമസേന വീട്ടിലെത്തിയപ്പോൾ കണ്ട ആ കരുതലിന്റെ കാഴ്ച കളക്ടർ സമൂഹികമാധ്യമത്തിലൂടെ കഴിഞ്ഞദിവസം പങ്കുവെച്ചു. ഹരിതകർമസേന വരുന്നതറിഞ്ഞ് 'പൈസ വീടിന്റെ സൈഡിൽ പച്ചപാക്കിന്റെ അടിയിൽ വെച്ചിട്ടുണ്ട്' എന്ന കുറിപ്പെഴുതിവെച്ചായിരുന്നു വീട്ടുകാർ പുറത്തുപോയിരുന്നത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ആ പണവുമെടുത്താണ് ഹരിതകർമസേന മടങ്ങിയത്. വീട്ടുകാർ എഴുതിവെച്ച ആ കുറിപ്പാണ് കളക്ടർ പുറത്തുവിട്ടത്.

ഹരിതകർമസേനയ്ക്ക് ഉപഭോക്തൃ വിഹിതം നൽകുന്നതിനെപ്പറ്റി ഒരാഴ്ചയായി വാട്‌സാപ്പിൽ തെറ്റായ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരേ കളക്ടർ പ്രതികരിച്ചതിന് പിന്നാലെയാണ് കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ചെമ്മനാട് പഞ്ചായത്തിൽ മാത്രം 3,36,130 കിലോ മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ചത്.

അതേസമയം,
വീട്ടുടമ താഹിറ മുഹമ്മദ്‌ കുഞ്ഞിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് നാട്ടുകാരും പഞ്ചായത്ത്‌ ഭരണ സമിതിയും.
മാലിന്യ നിർമാർജനത്തിന് ചെമനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന പിന്തുണയും സേവനം വൈകിയാൽ വാർഡ്‌ മെമ്പർമാരേയും ഹരിതകർമ സേന അംഗങ്ങളേയും തേടി വരുന്ന ഫോൺ കോളുകളും, ഒരുവർഷത്തെ യൂസർ ഫീ മുൻകൂട്ടി അടക്കാൻ താത്പര്യം കാണിക്കുന്നതും ഈ പദ്ധതി എത്രത്തോളം വിജയിച്ചു എന്നുള്ളതിന് തെളിവാണെന്ന് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അഭിപ്രായപെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ചെമനാട് പഞ്ചായത്തിൽ   336130 കിലോ മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ചത്.
ഇതിലൂടെ പഞ്ചായത്തിലെ 81% വീടുകളും 95% കടകളും സർക്കാർ നിശ്ചയിച്ച ഫീസ് നൽകി ഹരിതകർമ സേനയുമായി സഹകരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. വരും നാളുകളിൽ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി നിലനിർത്തുന്നതിന് വേണ്ടി പൊതു ഇടങ്ങളിൽ എ ഐ ക്യാമറ, ബോട്ടിൽ ബൂത്ത്‌, ടൗണുകളിൽ കളക്ട്ടേഴ്‌സ് ബിന്ന് എന്നിവ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്  ഭരണസമിതി.

Post a Comment

Previous Post Next Post